ശ്രീനഗർ : ജമ്മു കശ്മീരിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കത്തിന് തിരിച്ചടി. ഭീകരാക്രമണത്തിനായി സ്ഥാപിച്ച ഐഇഡി സുരക്ഷാ സേന കണ്ടെടുത്ത് നശിപ്പിച്ചു. ജമ്മു കശ്മീരിലെ സിദ്രാ പ്രദേശത്ത് ആണ് സംഭവം.
സിദ്രയിലെ ബൈപ്പാസ് റോഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. റോഡരികിൽ ഭീകരർ ഐഇഡി സ്ഥാപിച്ചതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി മേഖലയിൽ എത്തിയ പോലീസ് സംഘം സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഐഇഡി കണ്ടെടുത്തത്. ഉടനെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ബോംബ് സ്ക്വാഡ് എത്തി ഐഇഡി നിർവ്വീര്യമാക്കി.
സിദ്രയിലെ ബൈപ്പാസ് റോഡിൽ പകൽ സമയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ സ്ഫോടനം ലക്ഷ്യമിട്ടാണ് ഭീകരർ ഐഇഡി സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടതിനെ തുടർന്ന് റോഡ് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് സാധാരണനിലയിലായിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Comments