കണ്ണൂർ : കെ- റെയിലിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും ശക്തമായ പ്രതിഷേധം. സർവ്വേ കല്ലുകൾ സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞു. നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഒരു സ്ഥലത്ത് മാത്രമാണ് അധികൃതർക്ക് കല്ലുകൾ സ്ഥാപിക്കാൻ സാധിച്ചത്.
രാവിലെയോടെയാണ് ധർമ്മടത്ത് സർവ്വേ കല്ലുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ധർമ്മടം പഞ്ചായത്തിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കല്ലുകൾ സ്ഥാപിക്കാൻ ആരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ രംഗത്തുവരികയായിരുന്നു. സ്ഥാപിച്ച സർവ്വേ കല്ലുകൾ ഇവർ പിഴുതെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ സഹായത്തോടെയാണ് കെ-റെയിൽ അധികൃതർ സർവ്വേ നടപടികളുമായി മുന്നോട്ട് പോയത്.
വരും ദിവസങ്ങളിലും പ്രദേശത്ത് കല്ലിടൽ തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടയുമെന്നും ഇവർ വ്യക്തമാക്കി.
Comments