ഇടുക്കി: വൈദ്യുതി നിയന്ത്രണത്തിൽ വകുപ്പിനേയും കെഎസ്ഇബിയേയും രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി എംഎം മണി. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവർ തലപ്പത്ത് എത്തിയപ്പോഴാണ് കറന്റ് കട്ട് ഏർപ്പെടുത്തിയതെന്ന് മണി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയേയും മണി പരോക്ഷമായി വിമർശിച്ചു.
‘ഒരു മണിക്കൂർ കൊണ്ട് പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ അനുഭവപാടവം വേണം. തൊഴിലാളികൾക്ക് നേരെ താൻ പ്രമാണിത്തം കാട്ടിയാൽ അവരെ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. ഞാൻ മന്ത്രിയായിരുന്നപ്പോൾ എല്ലാം കൃത്യമായാണ് ചെയ്തത്’ എംഎം മണി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാത്രി കാലങ്ങളിൽ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ ആന്ധ്രയിലെ കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബിയും അറിയിച്ചിരുന്നു. പിന്നാലെയാണ് വിമർശനവുമായി എംഎം മണി എത്തിയത്.
Comments