തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.
എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. ഇരു ജില്ലകളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെയും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെങ്കിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷമാണ് ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. ഇടിമിന്നലുണ്ടാകുന്ന നേരങ്ങളിൽ ആളുകൾ വീടിന് പുറത്ത് ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments