പാലക്കാട് : വിദ്വേഷ പ്രസംഗത്തിന്റേ പേരിൽ ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. സാദിഖലി തങ്ങൾക്കും ,ഇ.അഹമ്മദിനും എന്തും പറയാം പ്രവർത്തിക്കാം. എന്നാൽ പി.സി ജോർജ് ചിലത് തുറന്ന് പറഞ്ഞാൽ വർഗീയ ചേരി തിരിവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൃഷ്ണകുമാർ വിമർശനവുമായി രംഗത്ത് എത്തിയത്.
വി.മുരളീധരൻ ഒരു പൊതു പ്രവർത്തകനെ ,ദീർഘകാലം ജനപ്രതിനിധി ആയ വ്യക്തിയെ നേരം പുലരുന്നതിനു മുൻപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സന്ദർശിക്കാൻ പോയാൽ സ്ഥാനത്തിന് നിരക്കാത്തതായിപ്പോയെന്നാണ് പറയുന്നത്. മാറാട് എട്ട് ഹിന്ദു സഹോദരന്മാരെ കൂട്ടക്കൊല ചെയ്ത മുസ്ലീം മത തീവ്രവാദികൾ കൊലപാതകത്തിനുശേഷം എത്തിയ മസ്ജിദിലെ രക്തക്കറ കഴുകിവൃത്തിയാക്കി തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന മുസ്ലീം ലീഗിന്റെ നേതാവ് കൂടിയായ അന്നത്തെ മന്ത്രി അഹമ്മദ് ചെയ്തത് സ്ഥാനത്തിനു നിരക്കുന്നതാണോ. കോയമ്പത്തൂരിൽ ബോംബ് സ്ഫോടനം നടത്തി 58 നിരപരാധികളെ കൂട്ടക്കൊല ചെയ്ത മത ഭീകരവാദി അബ്ദുൾ നാസർ മദനിയെ വാളയാറിൽ നിന്നും സ്വീകരിച്ച് ആനയിച്ച് തിരുവനന്തപുരത്ത് സ്വീകരണ സമ്മേളനം നടത്തിയ മന്ത്രിമാർ സ്ഥാനത്തിനു നിരക്കുന്നതാണോ ചെയ്തതെന്നും കൃഷ്ണകുമാർ ചോദിച്ചു.
മതേതര പാർട്ടിയായ മുസ്ലീം ലീഗിന്റെ നേതാവ് സാദിഖലി ശിഹാബ് തങ്ങൾ ഹാഗിയ സോഫിയ വിവാദത്തിൽ പറഞ്ഞതൊന്നും ഇവിടുത്തെ ക്രിസ്ത്യൻ വിഭാഗത്തിന് യാതൊരു മുറിവും ഉണ്ടാക്കില്ല .പിസി ജോർജ് ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞാൽ അത് മതേതരത്വം തകർക്കുന്ന വെളിപ്പെടുത്തലുകൾ ആയി മാറും. പാലക്കാട് സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും കൊലപാതകത്തിനുശേഷം മസ്ജിദിൽനിന്നും ഇമാം അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടി. മസ്ജിദ് കൊലപാതകത്തിനുള്ള ഗൂഢാലോചന വേദി ആവുകയും ചെയ്തു. മസ്ജിദുകളെ പ്രതികൾക്ക് സുരക്ഷിതമായി ഒളിക്കാനുള്ള കേന്ദ്രമായി മാറ്റുന്ന മുസ്ലിം മതഭീകര സംഘടന ആയ പോപ്പുലർ ഫ്രണ്ടിനെതിരെ ഒന്ന് പ്രതികരിക്കാൻ പോലും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനും സിപിഎം നേതാക്കൾക്കും നാവില്ലാതെ പോയി. മുസ്ലിം മതമൗലികവാദികൾക്കെതിരെ പ്രതികരിച്ചാൽ മതേതരത്വം തകരും അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു.
ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞ പിസി ജോർജിനെ നേരം പുലരുന്നതിനു മുൻപേ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിവുണ്ട്. മതേതരത്വ പാർട്ടികളും മുന്നണികളും ഉള്ള മതേതരത്വ കേരളത്തിൽ നിരപരാധികളായ സഞ്ജിത്തിനെയും ശ്രീനിവാസനെയും കൊലചെയ്ത മുസ്ലിം ഭീകരവാദി സംഘടന നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസിന് നല്ല സമയം നോക്കണമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Comments