ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശന വേളയിൽ റഷ്യ- യുക്രെയ്ൻ സംഘർഷമാകും പ്രധാന ചർച്ചാവിഷയമാകുകയെന്ന് വിദേശകാര്യസെക്രട്ടറി വിനയ് ക്വത്ര. മറ്റ് രാജ്യങ്ങളുമായി വിഷയത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്‌ക്കും. യുക്രെയൻ- റഷ്യ വിഷയം പരിഹരിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും മുന്നോട്ടുവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി വേദികളിൽ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്ന് എല്ലാവിധ സഹായങ്ങളും ഇന്ത്യ ഉറപ്പാക്കുന്നുണ്ട്. ചർച്ചയിലൂടെയും പരസ്പര ധാരണയിലൂടെയും മാത്രമേ നിലവിലെ വിഷയം പരിഹരിക്കാൻ സാധിക്കുകയുള്ളൂ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാട് ആഗോള തലത്തിൽ പ്രശംസയ്‌ക്ക് കാരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമേ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്യും. സാമ്പത്തിക സഹകരണം, വികസന പങ്കാളിത്തം, ഹരിത വികസനം എന്നിവയാണ് കൂടിക്കാഴ്ചയിലെ മറ്റ് അജണ്ടകളെന്നും ക്വത്ര വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പോകുന്നത്. ബെർലിൻ ആണ് അദ്ദേഹം സന്ദർശിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം. രണ്ടാം ദിനം കോപ്പൻഹേഗനിലെത്തുന്ന പ്രധാനമന്ത്രി രണ്ടാമത് ഇന്ത്യ- നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. മൂന്നാം ദിനം പാരിസ് സന്ദർശിച്ചതിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കും.
Comments