തിരുവനന്തപുരം: മരച്ചീനി ഇലയിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങൾ വിജയം. കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രമാണ് (സി.ടി.സി.ആർ.ഐ) രാജ്യത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിർണായക പരീക്ഷണങ്ങൾ നടത്തുന്നത്.
സി.ടി.സി.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങൾക്ക് പിന്നിൽ. ഊർജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊർജ്ജം പകരും.
മരച്ചീനി വിളവെടുക്കുമ്പോൾ ഒടിച്ചു കളയുന്ന തണ്ടുകളിലും ഇലകളിലും നിന്നും ജൈവ കീടനാശിനിക്കു ഉതകുന്ന രാസവസ്തുക്കൾ വേർതിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉൽപ്പാദനത്തിലും കൂടി എത്തിച്ചത്. ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ നേതൃത്വത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് എത്തിയ ഒരു സംഘം പത്രപ്രവർത്തകർക്ക് മുന്നിൽ പദ്ധതി പ്രദർശിപ്പിച്ചിരുന്നു. സാധാരണയായി ഒരു ഹെക്ടറിൽ മരച്ചീനി വിളവെടുക്കുമ്പോൾ ഏതാണ്ട് 5 ടണ്ണോളം ഇലകളും തണ്ടുകളും പാഴായി കളയാറുണ്ട്. ഇതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയാണ് ഈ പരീക്ഷണ വിജയത്തിലൂടെ കൈവന്നിരിക്കുന്നത്.
സാധാരണ ഗതിയിൽ മരച്ചീനിയിൽ നിന്ന് വാതകം ഉൽപ്പാദിപ്പിക്കുക അത്ര എളുപ്പമല്ല. ചെടികളിൽ നിന്നുള്ള മീഥേൻ ഉത്പാദനം ചിലവേറിയതുമാണ്. ഇലകളിൽ സെല്ലുലോസ്, ഹെമി സെല്ലുലോസ് ലിഗ്നിൻ എന്നിവ കൂടിയതുകൊണ്ട് അവയിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുക എളുപ്പമല്ല. എന്നാൽ ഇവിടെ ആ കടമ്പയും തരണം ചെയ്തു. മരച്ചീനി ഇലകളിൽ നിന്നും ജൈവ കീടനാശിനി തന്മാത്രകൾ യന്ത്രങ്ങളുപയോഗിച്ച് വേർതിരിച്ചശേഷം ബാക്കിയുള്ളവയെ ബാക്ടീരിയയും അതുപോലുള്ള മറ്റ് ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച് മീഥേൻ ഉൽപ്പാദിപ്പിക്കുകയായിരുന്നു.
അതിനുശേഷം അനാവശ്യവാതകങ്ങൾ മാറ്റിയശേഷം വാതക മിശ്രിതത്തിൽ നിന്നും ശുദ്ധമായ മിഥേൻ വേർതിരിച്ചെടുത്തു. ഈ മിഥേനിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച രീതിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചു. മരച്ചീനിയിൽ (കസവ) വൈദ്യുതി ഉല്പാദിച്ചതു കൊണ്ട് ഇതിനെ ‘കസാ ദീപ് ‘ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
Comments