കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷവർമ്മ കഴിച്ച കൂൾബാറിന്റെ വാഹനം കത്തിച്ച നിലയിൽ. ചെറുവത്തൂർ ബസ് സ്റ്റാന്റിന് സമീപമുള്ള ഐഡിയൽ ഫുഡ് പോയിന്റിന്റെ വാനാണ് രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ചന്തേര പോലീസ് വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി.
സ്ഥാപനത്തിന്റെ വടക്കു ഭാഗത്ത് മെയിൻ റോഡിനോട് ചേർന്നായിരുന്നു വാൻ നിർത്തിയിട്ടിരുന്നത്. രാവിലെ പ്രദേശവാസികളാണ് കത്തിയ നിലയിൽ വാഹനം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസ് എത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
ഇന്നലെ കടയ്‌ക്ക് നേരെ കല്ലേറുണ്ടായിരുന്നു. എന്നാൽ പോലീസുണ്ടായിരുന്നതിനാൽ പ്രശ്‌നം രൂക്ഷമായില്ല. രാത്രി കടയ്‌ക്ക് സമീപം പോലീസ് ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് വാഹനത്തിന് തീയിട്ടത് എന്നാണ് സൂചന.
അതേസമയം സംഭവത്തിൽ കൂൾ ബാറിലെ രണ്ട് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. മംഗളൂരു സ്വദേശി അനക്‌സ്, നേപ്പാൾ സ്വദേശി സന്ദേശ് റോയി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്‌ക്കാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കൂൾ ബാർ ഉടമ അഹമ്മദിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്.
Comments