സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കോട്ടയത്ത് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മെയ് ആറോടെ ഇത് ന്യൂനമർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതേസമയം, കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30-40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് സംസ്ഥാനത്ത് ഉണ്ടാവുക. കാറ്റിനെ നേരിടാൻ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
Comments