തിരുവനന്തപുരം: നടൻ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ അമ്മയുടെ സമീപനത്തിൽ വിമർശനം ശക്തമാകുകയാണ്. അമ്മ സംഘടനയിലെ ഭൂരിഭാഗം പേരും വിജയ് ബാബുവിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്മ സംഘടനയിൽ രാജി സന്നദ്ധത അറിയിച്ചെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജി സന്നദ്ധത അറിയിച്ച് ഹരീഷ് പേരടി എത്തിയത്.
പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മ സംഘടനയിലെ തന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഹരീഷ് പേരടി പറഞ്ഞു. തന്റെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണണെന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അമ്മയുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂർവ്വം അഭ്യർത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു…സ്‌നേഹപൂർവ്വം-ഹരീഷ്‌പേരടി..
Comments