ന്യൂഡൽഹി: ന്യൂഡൽഹി : യൂറോപ്പിലെ വിജയകരമായ സന്ദർശനം പൂർത്തിയാക്കി രാജ്യതലസ്ഥാനത്ത് എത്തുന്ന നരേന്ദ്രമോദി ഇന്ന് മാത്രം വിളിച്ചിരിക്കുന്നത് എട്ട് അടിയന്തിര യോഗങ്ങൾ. വെന്തുരുകുന്ന ഉത്തരേന്ത്യയിലെ കാലാവസ്ഥാ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന മൺസൂൺ കാലവർഷ കെടുതികൾക്കായുള്ള മുൻകരുതലുകളും ചർച്ച ചെയ്യുമെന്നാണ് വിവരം.
ജർമ്മനി, ഡെൻമാർക്ക്, ഐസ്ലാന്റ്, ഫിൻലാൻ്റ്, സ്വീഡൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ചകൾ പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഇന്ന് തിരികെ എത്തുന്നത്. 65 മണിക്കൂർകൊണ്ട് 28 യോഗങ്ങളാണ് ആറു രാജ്യങ്ങളുമായി നരേന്ദ്രമോദി പൂർത്തിയാക്കിയത്. ഡെൻമാർക്കുമായും ജർമ്മനിയുമായി വാണിജ്യ, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിലാണ് പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുള്ളത്.
ഫ്രാൻസുമായി തുടരുന്ന പ്രതിരോധ രംഗത്തെ ശക്തമായ സഹകരണം മെച്ചപ്പെടുത്തുന്ന കരാറുകളുടെ കാര്യത്തിലും തീരുമാനമായി. വീണ്ടും അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ആഗോള ഭീകരത അടക്കം മേഖലയിലെ തന്ത്രപരമായ എല്ലാ വിഷയങ്ങളിലും ഫ്രാൻസിന്റെ സഹകരണം ഉറപ്പുവരുത്തിയാണ് മടങ്ങുന്നത്.
Comments