ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അതിഥി മന്ദിരം നിർമ്മിച്ച് യുപി സർക്കാർ. 43.27 കോടി രൂപ ചെലവിലാണ് അതിഥി മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും യുപി സർക്കാരാണ് ഇതിന്റെ ചെലവ് മുഴുവൻ വഹിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. 100 മുറകളുൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഒരുക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ആത്മീയ വിനോദസഞ്ചാരത്തിനൊപ്പം ഇക്കോ ടൂറിസത്തിനും ഉത്തരാഖണ്ഡിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ ടൂറിസം വഴി സംസ്ഥാനത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരം നൽകും. എല്ലാ സീസണിലും ഉത്തരാഖണ്ഡിൽ വിനോദസഞ്ചാരത്തിന് സാദ്ധ്യതയുണ്ട്. ഹരിദ്വാറിൽ ഭക്തർ എത്തുന്നത് പോലെ തന്നെ വിനോദസഞ്ചാരികളും എത്തുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.
ചതുർധാമങ്ങൾ സന്ദർശിക്കാനെത്തുന്നവർക്കായി 2024ഓടെ റെയിൽവേയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ‘ 125 കിലോമീറ്റർ ദൈർഘ്യമുള്ള ഋഷികേശ്-കർണപ്രയാഗ് റെയിൽവേ പാത 2024ഓടെ പൂർത്തിയാകും. ചതുർധാമങ്ങൾ സന്ദർശിക്കാനെത്തുന്നവർക്ക് കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
Comments