ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് പരിക്ക്. ഗുരുതരാവസ്ഥയിലായ സുരക്ഷ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ അലി ജാൻ റോഡിലെ ഐവ ബ്രിഡ്ജ് ഏരിയയിൽ പോലീസുകാരൻ ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം.
കൺട്രോൾ റൂമിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഭീകരരുടെ ആക്രമണത്തിൽ പോലീസുകാരന്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ വ്യാപമാക്കിയെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. മൂവരും നിരവധി ഭീകരപ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ചിട്ടുള്ളവരാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ മുഹമ്മദ് അഷ്റഫ് ഖാൻ എന്ന ഹിസ്ബുൾ തീവ്രവാദിയാണ്. 2013 മുതൽ ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു പോലീസ്.
Comments