കാഞ്ഞങ്ങാട് : കേരളത്തിലെ സംഘപരിവാർ പ്രവർത്തകരെ വേട്ടയാടുന്ന തീവ്ര ഇസ്ലാമിക സംഘടനകളെ മുന്നണിയുടെ ഭാഗമാക്കിക്കൊണ്ട് അവർക്ക് എല്ലാ പിന്തുണയും നൽകുകയാണ് സി.പി.എമ്മെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ. നെല്ലിത്തറയിൽ നടക്കുന്ന ബിജെപി കാസർഗോഡ് ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷകരമെന്നും സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സിൽവർലൈൻ പ്രോജക്ട്. 500 കിലോമീറ്ററോളം നീളത്തിൽ കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ-റെയിൽ പദ്ധതിയെ പല മേഖലകളിലെയും വിദഗ്ധർ എതിർത്തിട്ടും ആ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്ന ഇടത് മുന്നണി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി എന്ത് വിലകൊടുത്തും ഇതിനെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ രവീശ തന്ത്രി കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി (സംഘടന) എം. ഗണേശൻ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക് എന്നിവർ സംബന്ധിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.
Comments