തിരുവനന്തപുരം ; കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ തലത്തിലെയും ഭാരവാഹികളുടെ എണ്ണം ഭരണഘടനയിൽ നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നിർബന്ധമായും നടപ്പിലാക്കേണ്ട കാര്യങ്ങളും അദ്ദേഹം വിവരിച്ചു.
ഡിസിസികൾ പുനഃസംഘടിപ്പിക്കുകയും എഐസിസി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും വേണം. എല്ലാതലത്തിലും മാറ്റങ്ങൾ കൊണ്ടുവന്നാലെ കോൺഗ്രസിന് ശക്തപ്പെടാൻ സാധിക്കൂ. സംഘടനാപരമായും രാഷ്ട്രീയമായും ശക്തിപ്പെടണമെങ്കിൽ കോൺഗ്രസ് അടിമുടി മാറണം എന്നാണ് ചെന്നിത്തല പറഞ്ഞത്. രാജസ്ഥാനിലെ ഉദയ്പ്പൂരിൽ അടുത്ത ആഴ്ച ചേരുന്ന ചിന്തൻ ശിബിറിന് മുന്നോടിയായി നടന്ന ഉപസമിതിയിലാണ് ചെന്നിത്തല നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ പാർടി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന്റെ നേതൃത്വത്തിൽ ഒരു ഭാരതയാത്ര നടത്തുന്നതിലൂടെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സാധിക്കും. ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നും ചെറിയ സംസ്ഥാനങ്ങളിൽ പിസിസി അംഗങ്ങളുടെ എണ്ണം 50 ഉം വലിയ സംസ്ഥാനങ്ങളിൽ അത് 100 ആക്കി നിജപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അംഗങ്ങളുടെ എണ്ണം 30 ആക്കി ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments