നീണ്ട 21 വർഷം സ്വന്തം ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിയുക. കേൾക്കുമ്പോൾ അസാദ്ധ്യമെന്ന് തോന്നാം. പക്ഷെ സംഗതി സത്യമാണ്. ചിലർ ഇതിനെ ദിവ്യ പ്രണയം എന്ന് വിളിക്കുമ്പോൾ മറ്റ് ചിലർ ശുദ്ധം മണ്ടത്തരം എന്ന് പറയുന്നു. ബാങ്കോക്ക് സ്വദേശിയായ ചരൺ ജനവാച്കൽ എന്ന 72 കാരനാണ് സ്വന്തം ഭാര്യയുടെ മൃതദേഹം വീട്ടിൽ വർഷങ്ങളോളം സൂക്ഷിച്ചുവെച്ചത്. തന്റെ അനന്തമായ പ്രണയം ഭാര്യയെ അറിയിക്കുന്നതിന് വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്ന് ചരൺ പറയുന്നു.
21 വർഷങ്ങൾക്ക് മുൻപ് മരിച്ച ഭാര്യയുടെ മൃതദേഹം വീടിനകത്ത് ശവപ്പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഈ വിവരം ഇയാൾ ആരെയും അറിയിച്ചിരുന്നില്ല. സ്റ്റോർ റൂം പോലുള്ള വീടിനുള്ളിൽ അദ്ദേഹം മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടി. രാത്രി മുഴുവൻ ശവപ്പെട്ടിക്കരികിൽ കിടക്കും, എന്നും ഭാര്യയുമായി സംസാരിക്കും. വൈദ്യുതിയോ വെള്ളമോ ഇല്ലാതെയാണ് ചരൺ ആ വീട്ടിൽ കഴിഞ്ഞത്. സമീപത്തെ വീടുകളിൽ നിന്നാണ് ആവശ്യങ്ങൾക്കായി ഇയാൾ വെള്ളം ഉപയോഗിച്ചിരുന്നത്.
എന്നാൽ രണ്ട് മാസങ്ങൾക്ക് മുൻപ് ഇദ്ദേഹം അപകടത്തിൽ പെട്ട് കിടപ്പിലായി. ഫാട്ട് കാസേം ഫൗണ്ടേഷൻ എന്ന സംഘടനയാണ് വൃദ്ധനെ പരിചരിച്ചത്. താൻ മരിച്ചാൽ തന്റെ ഭാര്യയുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ ആരുമുണ്ടാകില്ലെന്ന് അപകടം നടന്നതോടെ അദ്ദേഹത്തിന് മനസിലായി. തുടർന്നാണ് ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വിവരം ഫൗണ്ടേഷനിലെ പ്രവർത്തകരെ അറിയിച്ചത്. ഇത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം എല്ലാവർക്കും മനസിലായി.
തുടർന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ചരണിന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിച്ചു. അന്ത്യ കർമ്മങ്ങൾ നടക്കുന്നതിനിടെ ചരണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 2001 ൽ മരിച്ചഭാര്യയുടെ മരണ സർട്ടിഫിക്കേറ്റ് ഉൾപ്പെടെ അധികൃതർ ചരണിന് നൽകി.
Comments