ന്യൂഡൽഹി : പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ പുറത്ത് പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. പാർട്ടി നേതാക്കൾക്ക് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പാർട്ടിയുമായി ചർച്ച ചെയ്യണമെന്നും അത് പുറത്ത് പറഞ്ഞ് നടക്കുകയല്ല വേണ്ടത് എന്നും രാഹുൽ പറഞ്ഞു. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി മീറ്റിംഗിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് പാർട്ടിക്കാരോട് പറഞ്ഞ് പാർട്ടിക്കുള്ളിൽ വെച്ച് തന്നെ തീർക്കണം. അല്ലാതെ മാദ്ധ്യമങ്ങളോട് കൊട്ടിഘോഷിച്ച് നടക്കുകയല്ല വേണ്ടത്. പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസിനുള്ളിൽ പോര് ശക്തമായിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് വർദ്ധിക്കുന്നുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയാണ് പ്രധാന കാരണം. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments