എറണാകുളം : നടി മഞ്ജുവാര്യർക്കെതിരെ ആരോപണവുമായി സംവിധായകൻ മനീഷ് കുറുപ്പ്. വെള്ളരിക്കാപട്ടണമെന്ന സിനിമാ ടൈറ്റിൽ മഞ്ജു ദുരുപയോഗം ചെയ്തെന്നാണ് സംവിധായകന്റെ ആരോപണം. സെൻസർ ലഭിച്ച സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്തതിനാൽ റിലീസ് തടസപ്പെട്ടിരിക്കുകയാണെന്നും, പ്രതിസന്ധികൾ അറിയിച്ചിട്ടും നടി ഇടപെട്ടില്ലെന്നും മനീഷ് കുറുപ്പ് പറഞ്ഞു.
മനീഷ് കുറുപ്പിന്റെ വെള്ളരിക്ക പട്ടണമെന്ന സിനിമയുടെ പേര് മഹേഷ് വെട്ടിയാർ എന്ന മറ്റൊരു സംവിധായകൻ ദുരുപയോഗം ചെയ്യുകയാണെന്നും, ചിത്രത്തിൽ അഭിനയിച്ച മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നുമാണ് ആരോപണം. ഇവർക്കെതിരെ മനീഷ് കുറുപ്പ് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. വെള്ളരിക്കാ പട്ടണമെന്ന പേരിൽ തന്നെ സിനിമയിറക്കുമെന്ന് പറഞ്ഞ് സംവിധായകൻ മഹേഷ് വെട്ടിയാർ വെല്ലുവിളിച്ചെന്നും മനീഷ് കുറുപ്പ് വ്യക്തമാക്കി. ഒരേ പേരിലുള്ളതിനാൽ റിലീസിന് തയ്യാറായിട്ടും തന്റെ സിനിമ തിയേറ്ററുകളിൽ എടുക്കുന്നില്ല. സിനിമയുടെ പേര് വെള്ളരിപ്പട്ടണമെന്നാക്കി മാറ്റി ചെറിയ വ്യത്യാസമിപ്പോൾ വരുത്തിയതിൽ കാര്യമില്ല. പേര് പൂർണമായും മാറ്റണമെന്ന് മനീഷ് കുറുപ്പ് ആവശ്യപ്പെട്ടു.
യൂട്യൂബിലടക്കം വെള്ളരിപട്ടണം എന്ന് തിരഞ്ഞാൽ ഇവരുടെ സിനിമാ വിവരങ്ങളിലേക്കാണ് പോകുന്നത്. മഞ്ജു വാര്യർ അഭിനയിച്ച ലളിതം സുന്ദരം സിനിമയിൽ തന്റെ സിനിമയിലെ കരോൾ പാട്ട് ഉണ്ടെന്നും മനീഷ് കുറുപ്പ് നേരത്തെ ആരോപിച്ചിരുന്നു.
Comments