തിരുവനന്തപുരം : വീട് വിറ്റ് കടം വീട്ടാൻ സമ്മാന കൂപ്പണുമായി തിരുവനന്തപുരം സ്വദേശികൾ. മൂന്ന് കിടപ്പ് മുറികളുള്ള ഇരുനില വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പണാണ് പുറത്തിറക്കിയത്. കൂപ്പൻ എടുക്കുന്നവരിൽ ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാം. ഒക്ടോബർ 17 നാണ് നറുക്കെടുപ്പ്.
വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് വീട്. ജോലി വിട്ട് നാട്ടിൽ മടങ്ങിയെത്തിയ അജോയും അന്നയുമാണ് ബാധ്യതകൾ തീർക്കാൻ കൂപ്പണിറക്കിയത്. മൂന്ന് വർഷം മുൻപാണ് ബാങ്ക് ലോണും കടവുമെടുത്ത് 45 ലക്ഷം രൂപയ്ക്ക് ഇവർ വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റിലാകാനായിരുന്നു ലക്ഷ്യം. എന്നാൽ കൊറോണ മൂലമുണ്ടായ പ്രതിസന്ധി ഇവരുടെ എല്ലാ പദ്ധതികളും തകർത്തു.
വീട് വിൽക്കാൻ ശ്രമം നടത്തിയെങ്കിലും 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറല്ല. ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ വിൽക്കാൻ തീരുമാനിച്ചത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതാണ് ഇവരുടെ ആശയം.
18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് ഇവരുടെ ആഗ്രഹം. ഇതിനോടകം 100 കൂപ്പൺ വിറ്റുപോയിട്ടുണ്ട്.
Comments