ഭോപ്പാൽ : മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തമുണ്ടായി ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്ന് പോലീസ്. ഇൻഡോറിലെ വിജയ് നഗറിൽ കഴിഞ്ഞ ദിവസമാണ് മൂന്ന് നില കെട്ടിടത്തിൽ തീ പടർന്നത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പോലീസ് കേസെടുത്തു. തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ കാർ ദീക്ഷിത്ത് കത്തിച്ചതാണ് കെട്ടിടത്തിലേക്ക് തീ പടരാൻ കാരണമായത് എന്ന് പോലീസ് കണ്ടെത്തി.
താഴത്തെ നിലയിലെ ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിന് അപകടത്തിന് പിന്നിൽ ദീക്ഷിത്ത് ആണെന്ന് വ്യക്തമായി. ശനിയാഴ്ച പുലർച്ചെ ഇയാൾ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ എത്തി പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ വാഹനത്തിന് തീയിടുകയായിരുന്നു.
കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയോട് ശുഭം ദീക്ഷിത്ത് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി ഇത് നിരസിച്ചു. പിന്നാലെ മറ്റൊരു യുവാവുമായി ഇവർ പ്രണയത്തിലായി. ഇത് അറിഞ്ഞതോടെ ശുഭം ദീക്ഷിത്ത് യുവതിയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്നാണ് ശനിയാഴ്ച കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട വാഹനത്തിന് തീകൊളുത്തിയത്. ഇതിന് പിന്നാലെ യുവാവ് ഓടി രക്ഷപ്പെട്ടു. എന്നാൽ വാഹനത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നു.
കെട്ടിടത്തിലേക്ക് തീ പടർന്നു പിടിച്ചതോടെ നിരവധി പേർ രക്ഷപ്പെട്ടു. അപകടത്തിൽ ഏഴ് പേരാണ് വെന്ത് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒൻപത് പേർ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.
Comments