വാഷിംഗ്ടൺ: കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിനിടെ കാമുകൻ ഹൃദയാഘാതം വന്ന് മരിച്ചു. യുഎസിലെ സൗത്ത് കരോളിനയിലാണ് സംഭവം.ജോസഫ് മക്കിനോൺ എന്ന 60 കാരനാണ് മരിച്ചത്.
കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം വീടിന്റെ മുറ്റത്ത് കുഴിച്ചിടുന്നതിനിടെയാണ് ഇയാൾക്ക് ഹൃദയാഘാതം ഉണ്ടായത്.ഇയാളുടെ കാമുകിയായ 65 കാരിയായ പെട്രീഷ്യ ഡെന്റ് ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുറ്റത്ത് അനക്കമില്ലാതെ ഒരാൾ കിടക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ സമീപത്ത് നിന്നും മറ്റൊരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന പെട്രീഷ്യ ഡെന്റാണ് അത് എന്ന് കണ്ടെത്തിയത്.
പങ്കാളിയായ ഡെന്റ് തന്നെ ചതിച്ചുവെന്ന് സംശയിച്ച് ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ, പെട്രീഷ്യ ഡെന്റിനെ മക്കിനൺ ആക്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കൊലപാതകം കഴുത്ത് ഞെരിച്ചാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മക്കിനോണിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പറമ്പിൽ പുതിയ കുഴിയെടുത്തതിന്റെ ലക്ഷണങ്ങൾ കണ്ട് നടത്തിയ പരിശോധനയിലാണ് കാമുകിയുടെ മൃതദേഹം കൂടി കണ്ടെത്തിയത്.
Comments