പോംഗ്യാംഗ്: ഉത്തരകൊറിയയെ ഭീതിയിലാഴ്‌ത്തി കൊറോണ വ്യാപനം. രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തതോടെ ആളുകൾക്കിടയിൽ വലിയ ആശങ്കയാണ് ഉയരുന്നത്. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകളിൽ കൊറോണ രോഗലക്ഷണം പ്രകടമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമാണ് മരിച്ചയാളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പനിബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചവരിൽ ഒരാളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ രാജ്യത്ത് സ്ഥിരീകരിക്കുമെന്നാണ് സൂചനകൾ. നിലവിൽ പനി ബാധിച്ച 1,87,000 പേർ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.
നിലവിൽ രാജ്യതലസ്ഥാനമായ പോംഗ്യാംഗിൽ രോഗവ്യാപനം രൂക്ഷമാണ്. ഇതേ തുടർന്ന് ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം എത്രപേർക്കാണ് കൊറോണ ബാധിച്ചതെന്ന കണക്കുകൾ വ്യക്തമല്ല. രാജ്യത്ത് ഒട്ടാകെ മൂന്ന് ലക്ഷത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
വാക്‌സിനേഷൻ പദ്ധതി നടപ്പിലാക്കാത്തത് രാജ്യത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 25 മില്യൺ ആളുകൾ വാക്‌സിൻ ഇനിയും സ്വീകരിക്കാനുണ്ട്. കൊറോണ വാക്‌സിൻ വിതരണം ചെയ്യാൻ ആഗോള സമൂഹം മുന്നോട്ടുവന്നിരുന്നു. എന്നാൽ ഉത്തര കൊറിയ ഇത് നിഷേധിക്കുകയായിരുന്നു.
Comments