തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ചൈനീസ് അമിട്ടുകൾ പൊട്ടിക്കാൻ എത്തിയവർ പിടിയിൽ. മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അമിട്ടും കമ്പിത്തിരിയും പിടിച്ചെടുത്തു. മൂന്ന് പേരും മദ്യലഹരിയിൽ ആയിരുന്നു.
കോട്ടയം സ്വദേശികളായ ഇജാസ്, കണ്ണൻ, അജു എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാറിലാണ് ഇവർ ചൈനീസ് അമിട്ടുമായി എത്തിയത്. അമിട്ടിന് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് തടയുകയായിരുന്നു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപമാണ് ഇവർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.
വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ വെടിക്കെട്ട് നടക്കാനിരിക്കെയാണ് കരിമരുന്ന് പ്രയോഗത്തിന് യുവാക്കൾ ശ്രമിച്ചത്. മഴ കാരണം വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇതിലുള്ള അമർഷത്തെ തുടർന്നാണ് ചെെനീസ് അമിട്ടുകൾ പൊട്ടിക്കാൻ ഇവർ ശ്രമിച്ചതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Comments