ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരരുടെ ആക്രമണം. ഭീകരരുടെ വെടിയേറ്റ് പോലീസ് കോൺസ്റ്റബിൾ വീരമൃത്യുവരിച്ചു. പുൽവാമ ഗുദ്രൂ സ്വദേശിയായ റെയാസ് അഹമ്മദ് തോക്കർ ആണ് ജീവൻ വെടിഞ്ഞത്.
രാവിലെയോടെയായിരുന്നു സംഭവം. നാല് വയസുള്ള മകനെ സ്കൂളിൽ വിട്ട ശേഷം തിരിച്ചുവരുന്നതിനിടെയായിരുന്നു റെയാസിനെ ഭീകരർ ആക്രമിച്ചത്. ബൈക്കിൽ എത്തിയ രണ്ട് ഭീകരർ റെയാസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച റെയാസിന് ചികിത്സയിലിരിക്കെ വൈകീട്ടോടെയായിരുന്നു ജീവൻ നഷ്ടമായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ഇവരെ ഉടൻ പിടികൂടും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ പോലീസുകാരന് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.
Comments