ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ‘സെറിബ്രൽ അനൂറിസം’ ബാധിച്ചതായി റിപ്പോർട്ടുകൾക്കിടയിൽ, ചൈനീസ് സോഷ്യൽ മീഡിയയിൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. രാജ്യത്തെ ‘സാമ്പത്തിക മാന്ദ്യത്തോടൊപ്പം ഫലപ്രദമായി കൊറോണ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതും സ്ഥാനമൊഴിയുന്നതിനുളള കാരണങ്ങളാണ്. കർശനമായ കൊറോണ ലോക്ക്ഡൗൺ മൂലം രാജ്യത്ത് ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഇതൊക്കെ ഷി ജിൻപിംഗ് പദവി ഒഴിയുന്നതിന് കാരണമായതായി കിംവദന്തികൾ സൂചിപ്പിക്കുന്നു.
കൊറോണ പൊട്ടിപുറപ്പെട്ടത് മുതൽ ബീജിംഗ് ശീതകാല ഒളിമ്പിക്‌സ് വരെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ ഷി ജിൻപിംഗ് ഒഴിവാക്കിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. 2020ൽ ഷെൻഷെനിൽ നടന്ന ഒരു പൊതുപ്രസംഗത്തിൽ അദ്ദേഹം വൈകി പ്രത്യക്ഷപ്പെട്ടതും, മന്ദഗതിയിലുള്ള സംസാരവും, ചുമയും അദ്ദേഹത്തിന്റെ അനാരോഗ്യത്തിൽ സംശയം ജനിപ്പിച്ചിരുന്നു.
വാർത്താ ഏജൻസിയായ എൻഐഎ ഉദ്ധരിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, രക്തക്കുഴലുകളെ മൃദുവാക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്ന ‘സെറിബ്രൽ അനൂറിസം’ ബാധിതനാണ് ഷി ജിൻപിംഗ്. രോഗത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും ഭയം കാരണം പരമ്പരാഗത ചൈനീസ് മരുന്നുകൾ പരീക്ഷിക്കാനാണ് 68കാരനായ രാഷ്‌ട്ര തലവൻ താൽപര്യപ്പെട്ടത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഷി ജിൻപിംഗ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചത്. വർഷാവസാനം ഒരു പ്രധാന പാർട്ടി യോഗം സംഘടിപ്പിക്കുന്നത് വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ ഷി ജിൻപിംഗ് നിർബന്ധിതനാകുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കനേഡിയൻ ആസ്ഥാനമായുള്ള ഒരു ബ്ലോഗർ നിർമ്മിച്ച വീഡിയോയ്‌ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും ദൈനംദിന ഭരണം നിലവിലെ പ്രധാനമന്ത്രി ലീ കെകിയാങ് ഏറ്റെടുക്കുമെന്നും ബ്ലോഗർ അവകാശപ്പെട്ടു. ചൈനീസ് ഭരണകൂടം സെൻസർ ചെയ്തതോടെ ബ്ലോഗറുടെ വീഡിയോ രാജ്യത്ത് കാട്ടുതീ പോലെ പടർന്നു.
Comments