കൊച്ചി: കേരളത്തിൽ ആംആദ്മി പാർട്ടി- ട്വന്റി 20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഡൽഹിയ്ക്കും പഞ്ചാബിനും ശേഷം ആംആദ്മിയുടെ ലക്ഷ്യം കേരളമാണെന്നും ട്വൻറി 20യ്ക്കൊപ്പം ചേർന്ന് ആ ലക്ഷ്യം നേടുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തുടച്ചു നീക്കിയാണ് ആം ആദ്മി ഡൽഹിയിൽ അധികാരത്തിലെത്തിയത്. അതേ മാതൃകയിൽ കേരളവും പുതിയ മുന്നണിക്കൊപ്പമാകുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഈ സഖ്യം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നും മൂന്നര കോടി മലയാളികളുടെ സഖ്യമാണിതെന്നും കെജ്രിവാൾ പറഞ്ഞു. സാബു എം ജേക്കബിന്റെ ഉജ്ജ്വല നേതൃത്വത്തിൽ സമാനതകളില്ലാത്ത കുതിപ്പാണ് ട്വൻറി ട്വൻറി നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷം മുമ്പ് കെജ്രിവാളിനെ ആർക്കും അറിയില്ലായിരുന്നു. പക്ഷെ ഒരു വർഷം കൊണ്ടാണ് ആംആദ്മി ഡൽഹിയിൽ സർക്കാരുണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകുമെന്ന് കെജ്രിവാൾ പറഞ്ഞു.സൗജന്യ വൈദ്യുതിയും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡൽഹിയ്ക്ക് നൽകാൻ ആം ആദ്മിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലും അത് നടപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു
Comments