യന്ത്രവത്കരണം മനുഷ്യ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ കാലത്ത് പുല്ല് വെട്ടി നിലം വൃത്തിയാക്കാറുള്ളത് പോലും. എന്നാലിപ്പോഴിതാ യന്ത്രമില്ലാതെ ആടുകളെ ഉപയോഗിച്ചാൽ ഇത് വളരെ എളുപ്പത്തിൽ നടക്കുമെന്ന് തെളിയിക്കുകയാണ് ദമ്പതികൾ. ഡോൺ ഹാർട്ട- റിച്ചാർഡ് വൈറ്റ് ദമ്പതികളാണ് ആടുകളെ വളർത്തി നിലം നന്നാക്കാൻ ഉപയോഗിക്കുന്നത്. യുകെയിലാണ് സംഭവം.
പരിസ്ഥിതി സൗഹൃദമായ രീതിയിൽ ആടുകളെ നിലം നന്നാക്കാൻ വേണ്ടി ഉപയോഗിക്കാമെന്ന് ഇവർ തെളിയിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് ദമ്പതികൾ ചേർന്ന് ‘ബയോ ഗോട്ട്സ് ടു റെൻറ്’ എന്ന പേരിൽ കമ്പനി തുടങ്ങിയത്. ഇന്ന് 200ലധികം ആടുകളാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. ഓരോന്നിനും പേരും നൽകിയിട്ടുണ്ട്. പുല്ല് ധാരാളമുള്ള നിലത്ത് ഇറക്കി വിട്ടാൽ ആടുകൾ മുകളിൽ നിന്ന് താഴേക്ക് വൃത്തിയായി പുല്ല് കഴിച്ച് തുടങ്ങും.
വിഷമുള്ള സസ്യങ്ങളെയടക്കം ആടുകൾ ഭക്ഷണമാക്കും. അത്രയ്ക്ക് മികച്ചതാണ് ഇവയുടെ ദഹന വ്യവസ്ഥ. പൂക്കളും ഇലകളും ഭക്ഷിക്കുന്ന ആടുകൾ ചെടികളുടെ വേരിനെ വെറുതെ വിടും. അതിനാൽ മണ്ണൊലിപ്പ് തടയാനും സാധിക്കും. ആടുകളെ ഉപയോഗിച്ചുള്ള ബിസിനസ് ആരംഭിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആദ്യം എല്ലാവരും കളിയാക്കുകയായിരുന്നുവെന്ന് ഹാർട്ട് പറയുന്നു.
ദിവസവും നിരവധി പേരാണ് ആടുകളെ വാടകയ്ക്ക് ചോദിച്ച് ദമ്പതികളെ സമീപിക്കുന്നത്. വലിയ സ്ഥലമാണ് വൃത്തിയാക്കേണ്ടതെങ്കിൽ 30 ആടുകളെയാണ് വാടകയ്ക്ക് നൽകുന്നത്. ചെറിയതാണെങ്കിൽ മൂന്നെണ്ണത്തേയും. ആട്ടിടയന്മാരേയും ഇവർ ആവശ്യമെങ്കിൽ നൽകാറുണ്ട്. ജിപിഎസ് സംവിധാനം വഴിയാണ് ഇവർ ആടിനെ നിയന്ത്രിക്കുന്നത്. അതിനാൽ കൂട്ടം തെറ്റി പോയാൽ കണ്ടെത്താനാകുമെന്നും ഹാർട്ട് വ്യക്തമാക്കി.
Comments