ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ വീർഭൂമിയിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത് സോണിയയും പ്രിയങ്കയും. 1991 മെയ് 21ന് കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ 31-ാം സ്മൃതി ദിനമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്. സോണിയ കുടുംബത്തിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, സച്ചിൻ പൈലറ്റ് എന്നിവർ വീർഭൂമിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളള നേതാക്കളും മുൻ പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ ആദരാഞ്ജലി അർപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് ഭീകരരുടെ വെടിയേറ്റ് 1984ൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേൽക്കേണ്ടിവന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി എന്ന പ്രത്യേകതയും രാജീവ് ഗാന്ധിക്കുണ്ട്. 1984 ഒക്ടോബറിൽ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ കേവലം 40 വയസ്സാണ് രാജീവിന്റെ പ്രായം. 1989 ഡിസംബർ 2 വരെ പ്രധാനമന്ത്രിയായി തുടർന്നു.
തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് 1991 മെയ് 21ന് എൽടിടിഇ ഭീകരർ ചാവേർ ആക്രമണം നടത്തി രാജീവ് ഗാന്ധിയെ വധിച്ചത്.
Comments