നമ്മളെല്ലാവരും വെള്ളം കുടിക്കും, വെള്ളം, വിഴുങ്ങും പക്ഷേ വെള്ളം കഴിക്കാറുണ്ടോ. എന്നാൽ ഇനി വെള്ളം കഴിക്കാനും സാധിക്കും. കഴിക്കാൻ സാധിക്കുന്ന വെള്ളം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം സംരംഭകർ. ലോകത്തിനാകെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം ഏർപ്പെടുത്തുക എന്നതാണ് കഴിക്കാൻ സാധിക്കുന്ന വെള്ളം പുറത്തിറത്തിറക്കിയതിന് പിന്നിലെ ലക്ഷ്യം. ഓഹോ എന്നാണ് ഇത് അറിയപ്പെടുന്നത്. നോക്കാം കഴിക്കാൻ സാധിക്കുന്ന വെള്ളത്തിന്റെ വിശേഷങ്ങൾ.
ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികൾ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കിയത്. കാഴ്ചയിൽ കുമിളകൾ പോലുള്ള ഈ വെള്ള ക്യാപ്സ്യൂളുകൾ വായിലിട്ട് ചവച്ചിറക്കാം. സ്കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാർട്ട് അപ്പാണ് ഓഹോയ്ക്ക് പിന്നിൽ. വെള്ളക്കുപ്പികളും പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസുകളുമൊക്കെ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളം വികസിപ്പിച്ചെടുത്തതെന്ന് സംരംഭകർ പറയുന്നു.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഓഹോ നിർമിക്കാമെന്നും സംരംഭകർ വ്യക്തമാക്കുന്നു.ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉൾക്കൊള്ളുന്നത്. പ്രത്യേക ഇനം കടൽ പായലിൽ നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാർഥം നിർമിക്കുന്നത്. ഉപയോഗിക്കാതിരുന്നാൽ നാല്-ആറ് ആഴ്ചകൾക്കുള്ളിൽ ഇത് നശിച്ചു പോകും.
കയ്യിലെടുത്താൽ വെള്ളം നിറച്ച ബലൂൺ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഒന്നുകിൽ വായിലിട്ട് ചവച്ചോ അല്ലെങ്കിൽ ഗോളങ്ങളിൽ ചെറിയ സുഷിരമുണ്ടാക്കി വായിലേയ്ക്ക്് വെള്ളം പകരുകയോ ചെയ്യാം. ഓറഞ്ച് പോലുള്ള പഴങ്ങളുടെ തൊലി ഉദാഹരണമാക്കിയാണ് കാൽസ്യം ക്ലോറൈഡും സോഡിയം അൽജിനേറ്റും ഉപയോഗിച്ചുള്ള നേർത്ത ചർമ്മം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ നിർമ്മിതമായ പഴം എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ ഓഹോയെ വിശേഷിപ്പിച്ചത്.
2014ലാണ് കമ്പനി ആദ്യമായി ഓഹോയെ അവതരിപ്പിച്ചത്. ഇപ്പോൾ ആയിരത്തിലധികം സ്വതന്ത്ര കമ്പനികളാണ് ഇവയുടെ പദ്ധതിയിൽ മുതൽ മുടക്കാൻ തയ്യാറായി രംഗത്തുള്ളത്. വെള്ളം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള എന്തും എന്തിന് മദ്യം വരെ ഇത്തരത്തിൽ ഗോളങ്ങളാക്കാമെന്നാണ് സംരഭകർ അവകാശപ്പെടുന്നത്. യാത്രയൊക്കെ പോകുമ്പോൾ ഇനി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൈയ്യിൽ കരുതേണ്ടതില്ല. ഒന്നോ രണ്ടോ ഓഹോ കഴിച്ചാൽ ദാഹം പമ്പ കടക്കുമെന്ന് സാരം.
Comments