ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ വിവാദമായ വാക്കുകൾ ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്ന വാക്കുകൾ ചേർത്ത പോസ്റ്ററാണ് അധീർ രഞ്ജൻ ചൗധരിട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ ഇത് അദ്ദേഹം ഡിലീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തു. തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് അധീർ രഞ്ജൻ ചൗധരി നൽകുന്ന വിശദീകരണം.
ഇന്ദിരാഗന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായി അക്രമം അരങ്ങേറിയിരുന്നു. ഈ സമയത്ത് രാജീവ് ഗാന്ധി പറഞ്ഞ വാക്കുകളാണിത്. അക്രമത്തെ ന്യായീകരിച്ചുള്ള രാജീവ് ഗാന്ധിയുടെ വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ ഈ വാക്കുകൾ തന്നെ തിരഞ്ഞെടുത്തത് പാർട്ടിയ്ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ട്വീറ്റുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമാണ് ട്വീറ്റെന്നുമാണ് അധീർ രഞ്ജൻ ചൗധരി പറയുന്നത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നേതാവ് സൗത്ത് അവന്യൂ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്ത ശേഷം രാജ്യത്തിന്റെ വികസനത്തിൽ മനുഷ്യവിഭവശേഷിയുടെ പങ്കിനെ പറ്റിയുള്ള രാജീവ് ഗാന്ധിയുടെ വാക്കുകൾ രണ്ടാമത് ട്വീറ്റ് ചെയ്യുകയും ചെയ്തു.
Comments