ഭോപ്പാൽ: ലണ്ടനിൽ ഇരുന്ന് ഇന്ത്യയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിലെ തന്നെ ഏറ്റവും നിരാശനായ, പരാജിതനായ, വിഷണ്ണനായ രാഷ്ട്രീയ പ്രവർത്തകനാണ് രാഹുലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
വിദേശ മണ്ണിൽ നിന്ന് കൊണ്ട് സ്വന്തം രാജ്യത്തിനെതിരെ രാഹുൽ സംസാരിച്ചതിന് സമാനമായി മറ്റൊരു രാഷ്ട്രീയക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസിൽ പര്യടനം നടത്തിയ തന്നോട് അവിടെയുള്ള മാദ്ധ്യമ പ്രവർത്തകർ ഇപ്രകാരം ചോദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നേട്ടമുണ്ടാക്കാൻ കഴിയാത്തയാളാണോയെന്നായിരുന്നു അവരുടെ ചോദ്യം.
മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. കോൺഗ്രസിന്റെ മാത്രമല്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഒരിക്കലും നേട്ടമുണ്ടാക്കാൻ കഴിയാത്തയാളാകില്ലെന്ന് താൻ മറുപടി നൽകിയെന്ന് ചൗഹാൻ പറഞ്ഞു. നാം വിദേശത്തായിരിക്കുമ്പോൾ ഒരിക്കലും സ്വന്തം രാജ്യത്തെ അവഹേളിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഐഡിയാസ് ഫോർ ഇന്ത്യ എന്ന കോൺക്ലേവിൽ പങ്കെടുത്തപ്പോഴാണ് മാതൃരാജ്യത്തിനെതിരെ രാഹുൽ പരാമർശം നടത്തിയത്. ഇന്ത്യ ഇപ്പോൾ നല്ല നിലയിലല്ലെന്നും രാജ്യം മുഴുവൻ ബിജെപി മണ്ണെണ്ണ ഒഴിച്ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഒരു തീപ്പൊരിയുണ്ടായാൽ രാജ്യം മുഴുവൻ ഭീഷണിയിലാകുമെന്നും ലണ്ടനിലെത്തിയ കോൺഗ്രസ് നേതാവ് പരാമർശം നടത്തി. ഇതിനെതിരെയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments