ന്യൂഡൽഹി: ഡൽഹിയിൽ വിവിധയിടങ്ങളിൽ അപ്രതീക്ഷിതമായി ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥ കാരണം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതവും തടസ്സപ്പെട്ടു.
മിക്ക എയർലൈൻസും യാത്രക്കാരോട് വിമാനസർവ്വീസ് റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രം യാത്രയ്ക്ക് പുറപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.എയർലൈൻസുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ തൽസ്ഥിതി അറിയാനാണ് വിമാനത്താവളം അധികൃതരും ആവശ്യപ്പെടുന്നതെന്നാണ് വിവരം. ശക്തമായ കാറ്റും മഴയും മൂലം പലയിടത്തും മരങ്ങൾ കടപുഴകിവീഴുകയും റോഡ് ഗതാഗതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ അപകടമുണ്ടാക്കുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ വാഹനയാത്ര കഴിയുന്നതും ഒഴിവാക്കണമെന്ന് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കനത്ത ചൂടിൽ വലഞ്ഞിരുന്ന ഡൽഹിയിൽ വേനൽമഴയെത്തിയത് അൽപം ആശ്വാസവും പകരുന്നുണ്ട്.
Comments