ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആൾ കസ്റ്റഡിയിൽ. ഈരാട്ടുപേറ്റ സ്വദേശി അൻസാറാണ് പിടിയിലായത്. കസ്റ്റഡിക്ക് പിന്നാലെ പ്രദേശത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു.
ആലപ്പുഴയിൽ പിഎഫ്‌ഐയുടെ റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. റാലിയുടെ സംഘാടകർക്കെതിരെയും കുട്ടിയെ റാലിക്കായി കൊണ്ടുവന്നവർക്കുമെതിരെയാണ് കേസ്. മതസ്പർദ്ദ വളർത്തിയെന്ന കുറ്റത്തിനാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം കനത്തതോടെ പോലീസ് കേസെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നും റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തത്.
Comments