ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ എസ്പി ജി.ജയ്ദേവ്. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളേയും പ്രതിചേര്‍ക്കും. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. സംഭവത്തില്‍ ഗൂഢാലോചന അടക്കം അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളേയും ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.
ഈരാട്ടുപേറ്റ സ്വദേശിയായ അന്‍സാറാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ പിടിയിലായതോടെ പ്രദേശത്ത് പിഎഫ്ഐ പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നും റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Comments