ഒരു കോഴിമുട്ടയുടെ ആകൃതി എന്തായിരിക്കും? സാധാരണയായി ദീർഘവൃത്തം അഥവാ ഓവൽ ഷേപ്പിലാണ് മുട്ട ഉണ്ടാകാറ്. വേറിട്ട രീതിയിൽ ചിലപ്പോൾ വട്ടത്തിലുള്ള മുട്ടകളും കോഴി ഇട്ടെന്ന് വരാം. എന്നാൽ കോഴി കശുവണ്ടി ആകൃതിയിൽ മുട്ടയിട്ടാലോ ?
കർണാടയിലെ ഒരു കോഴിയാണ് കശുവണ്ടി ആകൃതിയിലുള്ള മുട്ടയിട്ടുകൊണ്ട് താരമായിരിക്കുന്നത്. ഈ മുട്ടകൾ കോഴിയുടെ ഉടമയായ പ്രശാന്തിന്റെ ശ്രദ്ധയിൽ പെട്ടു. എന്തെങ്കിലും അസാധാരണമായ കാരണങ്ങൾകൊണ്ട് ഒരു ദിവസം ഇങ്ങനെ ഉണ്ടാകുമെന്ന് വിചാരിച്ച് ഇയാൾ ആരെയും വിവരം അറിയിച്ചില്ല. എന്നാൽ അടുത്ത ദിവസങ്ങളിലും ഇത് തന്നെ സംഭവിച്ചു. മൂന്ന് ദിവസം തുടർച്ചയായി കശുവണ്ടി ആകൃതിയിലുള്ള മുട്ട ഇട്ടതോടെ പ്രശാന്ത് കോഴിയുമായി നേരെ മൃഗഡോക്ടറുടെ അടുത്തേക്ക് പോയി.
കോഴിയുടെ പ്രത്യുത്പാദന അവയവത്തിൽ പുഴുവുള്ളതോ മറ്റോ ആകാം കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ അപ്പോഴേക്കും പ്രദേശത്താകെ ഈ വാർത്ത പ്രചരിച്ചു. കശുവണ്ടി ആകൃതിയിൽ മുട്ടയിടുന്ന കോഴി സെലിബ്രിറ്റിയായി. ഈ മുട്ടകളുടെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
നേരത്തെയും ഇത്തരത്തിൽ വ്യത്യസ്തമായ ആകൃതിയിലുളള കോഴിമുട്ടകൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആന്ധ്ര പ്രദേശിലെ ഗോദാവരി ജില്ലയിൽ മാങ്ങയുടെ ആകൃതിയിലുള്ള മുട്ടയാണ് കോഴി ഇട്ടത്.
Comments