എല്ലാവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന കാര്യങ്ങൾ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് നമ്മൾ മനുഷ്യർ. മനസിൽ ഒന്ന് വിചാരിച്ചാൽ അത് നടപ്പിലാക്കാൻ അഹോരാത്രം കഷ്ടപ്പെടാനും നമുക്ക് മടിയില്ല. ഇത്തരത്തിൽ വിചിത്രമായ ഒരു ആഗ്രഹമാണ് ജപ്പാനിലെ ഒരു യുവാവ് നിറവേറ്റിയിരിക്കുന്നത്.
ട്വിറ്ററിൽ ടോക്കോ ഈവ് എന്ന പേരിൽ അക്കൗണ്ടുള്ളയാളുടെ കഥയാണിത്. ഒരു മൃഗം ആകണമെന്നത് യുവാവിന്റെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു. വളർത്തു മൃഗമായ നായയെ ഏറെ ഇഷ്ടമായതിനാൽ നായ ആകണമെന്ന് ഇയാൾ ആഗ്രഹിച്ചു. ഈ ആവശ്യവുമായി കുറേ പേരെ സമീപിച്ചെങ്കിലും നിരാശയാണ് ഉണ്ടായത്. തുടർന്നാണ് സെപ്പറ്റ് എന്ന് പേരുള്ള കമ്പനിയിൽ യുവാവ് എത്തിയത്. നായയുടെ രൂപമുള്ള ഒരു കോസ്ററ്യൂം തനിക്ക് നിർമ്മിച്ച് തരണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതിനായി ഒന്നും രണ്ടുമല്ല, പന്ത്രണ്ട് ലക്ഷം രൂപയാണ് ഇയാൾ ചെലവഴിച്ചത്.
തുടർന്ന് യുവാവിന്റെ ആഗ്രഹപ്രകാരം ഏജൻസി ഇയാൾക്ക് നായയുടെ രൂപമുള്ള വസ്ത്രം നിർമ്മിച്ച് നൽകി. ഒരു യുവാവിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ഡോഗ് മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കിയെന്ന് സെപ്പറ്റ് കമ്പനി ട്വിറ്ററിൽ കുറിച്ചു. ഒരു കോളി നായയുടെ മാതൃകയിലാണ് സ്യൂട്ട് നിർമ്മിച്ചത്. നാല് കാലിൽ നടക്കുന്ന ഒരു യഥാർത്ഥ നായയുടെ രൂപമെന്ന് തോന്നിക്കുന്നതാണ് ഈ കോസ്റ്റിയൂം എന്നും സെപ്പറ്റ് അറിയിച്ചു.
着ぐるみをオーダーしてました! おかげさまで動物になってみたいという夢を叶えることができました! https://t.co/jUFxSWW6cl pic.twitter.com/zJIX8VcWfm
— トコ (@toco_eevee) April 11, 2022
ഡോഗ് സ്യൂട്ട് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചുകൊണ്ട് അത് ധരിച്ച വീഡിയോയും ചിത്രങ്ങളും യുവാവും പങ്കുവെച്ചിട്ടുണ്ട്. ഒരു മൃഗം ആകണമെന്ന തന്റെ സ്വപ്നം നിറവേറ്റാൻ സാധിച്ചെന്നും അതിന് നന്ദി അറിയിക്കുന്നതായും യുവാവ് ട്വിറ്ററിൽ കുറിച്ചു.
Comments