കൊച്ചി: ആലപ്പുഴയിൽ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്നും മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദു-ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിശ്വാസത്തെ അപമാനിച്ചു. മുസ്ലീം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചുവെന്നും ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.
ഹൈന്ദവ വികാരങ്ങളെ ആളിക്കത്തിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. മറ്റ് മത വിഭാഗങ്ങളിൽ മരണ ഭയം ഉണ്ടാക്കി. മുദ്രാവാക്യം രാജ്യത്തിന്റെ പല ഭാഗത്തും സംഘർഷങ്ങൾക്ക് കാരണമാകും. കൊലവിളി മുദ്രാവാക്യം രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയെന്ന കണ്ടെത്തിയതിനാൽ പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയെന്നാണ് വിവരം. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവർക്കും സംഘാടകർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ നിലവിൽ മൂന്ന് പ്രതികളാണുള്ളത്. ഇതുവരെ രണ്ട് പ്രതികൾ അറസ്റ്റിലാണ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻസാർ നജീബാണ് മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റി നടന്നത്. അൻസാറിന് കുട്ടിയെ അറിയില്ലെന്നാണ് മൊഴി. കൗതുകം കൊണ്ട് മാത്രം തോളിലേറ്റിയതാണെന്ന് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ മൊഴി നൽകി. അൻസാറിനെ കൂടാതെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ നവാസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments