മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാൻ നീണ്ട ഇടവേളയെടുത്ത സംഭവത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ തലങ്ങും വിലങ്ങും രാഹുലിനെ ട്രോളിയപ്പോൾ വിശദീകരണവുമായി എത്താൻ കോൺഗ്രസ് മറന്നില്ല. ചോദ്യമുയർത്തിയ മാദ്ധ്യമപ്രവർത്തകയ്ക്ക് രാഹുൽ നൽകിയ മൗനത്തിന്റെ കാരണം ന്യായീകരിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രാഹുലിനെ വെട്ടിലാക്കിയ ആ അഭിമുഖം നടന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു സംഭവം.
ഇന്ത്യൻ സമൂഹത്തിലെ അഹിംസയെയും അക്രമത്തെയും എങ്ങനെ നോക്കികാണുന്നുവെന്നായിരുന്നു ലണ്ടനിൽ രാഹുൽ നേരിട്ട ചോദ്യം. ഇത് കേട്ട കോൺഗ്രസ് നേതാവ് ഒരു നിമിഷം നിശബ്ദനായി ആലോചിച്ചു. അതുപിന്നീട് ഏതാനും നിമിഷങ്ങളായി.. അപ്പോഴും മൗനമായിരുന്നു ചോദ്യത്തിനുത്തരം. എന്നാൽ ഇതിനിടെ കൂലങ്കഷമായി അദ്ദേഹം ചിന്തിക്കുന്നതും കാണാം. നീണ്ട ഈ ഇടവേളയാണ് രാഹുലിനെ ട്രോളന്മാർ ഏറ്റെടുക്കാൻ കാരണമായത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ചിന്തയിലാണ്ടുപോയ രാഹുൽ ഒടുവിൽ ചോദ്യത്തിന് ഉത്തരം പറയുന്നുണ്ട്. ‘ഈ ചോദ്യം കേൾക്കുമ്പോൾ എന്റെ മനസിൽ വരുന്ന വാക്ക് ‘ക്ഷമ’ എന്നാണെന്ന് ഞാൻ കരുതുന്നു എന്നായിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള രാഹുലിന്റെ മറുപടി.
‘മനസിൽ വരുന്ന വാക്ക് ക്ഷമയെന്നാണ്.. അത് കൃത്യമാകണമെന്നില്ല….’
എന്നാൽ ഈ മറുപടിയും പൂർത്തിയാക്കാതെ രാഹുലിന് സാധിക്കുന്നില്ല. വീണ്ടും അദ്ദേഹം ഇടവേളയെടുക്കുകയാണ്. രണ്ടാംഘട്ട ചിന്തകൾക്കൊടുവിൽ മറുപടി പൂർത്തിയാക്കാൻ ശ്രമിക്കുന്നു..
‘നിങ്ങൾ തിരിച്ചറിയുന്നു… ‘എന്ന് പറഞ്ഞാണ് മറുപടി പുനരാരംഭിക്കാൻ രാഹുൽ തുനിയുന്നത്. ഇത് കേൾക്കുന്ന കാണികൾ നിശബ്ദത വെടിഞ്ഞ രാഹുലിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ ആ കയ്യടി രാഹുലിനെ അലോസരപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിച്ചു. ‘ ഞാൻ ചിന്തിക്കുകയായിരുന്നു’ എന്ന് രാഹുൽ കാണികളോട് വ്യക്തമാക്കി. പിന്നീട് മാദ്ധ്യമപ്രവർത്തക ഒരു ചെറുപുഞ്ചിരി പങ്കുവെക്കുകയും താങ്കളെ ബുദ്ധിമുട്ടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.
‘ഞാൻ നിങ്ങളെ സ്തംഭിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ക്ഷമിക്കണം. ഇതൊരു സ്പഷ്ടമായ ചോദ്യമായിരുന്നു. നിങ്ങളോട് ആരും ഇതിന് മുമ്പ് ചോദിച്ചിട്ടില്ലെന്നത് അതിശകരമാണ്” മാദ്ധ്യമ പ്രവർത്തക പറഞ്ഞു.
‘ഇല്ല, നിങ്ങൾ ഒരിക്കലും എന്നെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. ഈ ചോദ്യം എന്നോട് പലരും ചോദിച്ചിട്ടുമുണ്ട്’ രാഹുൽ പ്രതികരിച്ചു.
എന്നാൽ എന്തുകൊണ്ട് നിങ്ങൾ ഉത്തരം പറഞ്ഞില്ല എന്നായി മാദ്ധ്യമപ്രവർത്തക. അപ്പോൾ ‘ഉത്തരം പറയാൻ ഞാൻ ആഴത്തിൽ ചിന്തിക്കുകയായിരുന്നു’ എന്ന് രാഹുൽ മറുപടി പറഞ്ഞു. തുടർന്ന് വീണ്ടും ചിന്തിച്ചിരിക്കുന്ന രാഹുലിനെ കാണിച്ചുകൊണ്ടാണ് വൈറൽ വീഡിയോ അവസാനിക്കുന്നത്. ഒരു മിനുട്ടും 17 സെക്കൻഡും മാത്രമുള്ള ഈ ദൃശ്യങ്ങളിൽ രാഹുൽ തന്റെ മൗനമാണ് കൂടുതൽ സമയവും പങ്കുവെച്ചതെന്നതാണ് പ്രത്യേകത.
ട്വിറ്റർ ഏറ്റെടുത്ത ഈ അഭിമുഖ ശകലങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പങ്കുവെച്ചിരുന്നു. സ്ക്രിപ്റ്റ് തയ്യാറാക്കി അഭിമുഖത്തെ നേരിട്ടാൽ നല്ല ഫലം ലഭിച്ചേക്കാമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പരിഹാസങ്ങൾക്കൊടുവിൽ രാഹുലിന് കൈത്താങ്ങുമായി കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല എത്തി.
രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, അഹിംസയെന്ന ഗാന്ധിയൻ മൂല്യത്തെ വില കുറച്ചുകാണരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ഭീകരാക്രമണത്തിൽ അച്ഛനെയും മുത്തശിയെയും നഷ്ടപ്പെട്ട ഒരാളുടെ വേദന ബിജെപി നേതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ വേദനയിൽ നിന്നാണ് രാഹുൽ അംഹിസയെയും അക്രമത്തെയും ഒറ്റ വാക്കിൽ ‘ക്ഷമ’ എന്ന് സൂചിപ്പിച്ചതെന്നും കോൺഗ്രസ് നേതാവ് ന്യായീകരിച്ചു. തന്റെ മറുപടിക്ക് വ്യാഖ്യാനമിതായിരുന്നു എന്ന് രാഹുൽ ഗാന്ധി പോലും തിരിച്ചറിയുന്നത് ഒരുപക്ഷേ സുർജേവാലയുടെ ട്വീറ്റ് വായിച്ചപ്പോഴാകാമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ വിലയിരുത്തൽ.
Wish friends in BJP could understand the pain of losing ur grandmother and father in gruesome terrorists attacks and summarise the dichotomy between violence & non-violence in one word -“forgiveness”.
Political differences apart, let’s not belittle Gandhian value of Non-violence https://t.co/98O2GYhzs3
— Randeep Singh Surjewala (@rssurjewala) May 25, 2022
Comments