തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷ പരിപാടിയായ ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയ്ക്ക് തലസ്ഥാന ജില്ലയിൽ തുടക്കമാവുന്നു. ഇതിന്റെ ഭാഗമായി 2022 മെയ് 27 മുതൽ ജൂൺ 02 വരെ തിരുവനന്തപുരം കനകക്കുന്നിൽ മെഗാ പ്രദർശന വിപണന മേളയും ഭക്ഷ്യമേളയും പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന സാംസ്കാരിക കലാപരിപാടികളും അരങ്ങേറും.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെയും വരുംനാളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെയും നേർകാഴ്ചയാകും ‘എന്റെ കേരളം’ മെഗാ മേള. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും നടക്കും.
മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു പരിപാടിയിൽ അദ്ധ്യക്ഷനാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
മെയ് 27 വൈകീട്ട് ഏഴ് മണിക്ക് ഊരാളി ബാൻഡിന്റെ മ്യൂസിക്കൽ ഷോ സംഘടിപ്പിക്കും. മെയ് 28 ന് വൈകീട്ട് ഏഴ് മണിക്ക് പ്രശസ്ത സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയുടെയും സംഘത്തിന്റെയും സൂഫി സംഗീത പരിപാടി നടക്കും. മെയ് 29 ന് വൈകീട്ട് 6.30 ന് കനൽ ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുമേളവും പിന്നാലെ നൃത്ത പരിപാടിയും നടക്കും.
Comments