തൃശൂർ: ഫ്ളെക്സ് ബോർഡിൽ അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ച സിപിഐയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ അശ്വതി വിപുൽ. സിപിഐ കുന്നംകുളം മണ്ഡലം സമ്മേളത്തിന്റെ ഫ്ളെക്സ് ബോർഡിലാണ് അശ്വതിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. കറ്റയേന്തി നിൽക്കുന്ന ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ വക്കീൽ നോട്ടീസ് അയക്കാനാണ് അശ്വതിയുടെ തീരുമാനം.
സുഹൃത്ത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പാർട്ടി ഫ്ളെക്സിൽ ചിത്രം ഉപയോഗിച്ചത് അറിഞ്ഞതെന്നും അനുമതി വാങ്ങിയിട്ടില്ലെന്നും അശ്വതി ആരോപിക്കുന്നു.
ഒരാളുടേയും അനുമതി ഇല്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കാൻ പാടില്ല. ഈ രീതി തെറ്റാണ്. ഇനി ഒരു സ്ത്രീക്കും ഈ അനുഭവം വരാൻ പാടില്ല എന്നത് കൊണ്ടാണ് നിയമപരമായി നേരിടുന്നതെന്ന് അശ്വതി പറയുന്നു. അതേസമയം തൃക്കാക്കര പോലീസിനെ സംഭവം അറിയിച്ചപ്പോൾസെക്ഷ്വൽ അബ്യൂസ് ആണെങ്കിലേ കേസ് എടുക്കാൻ കഴിയൂ എന്നായിരുന്നു മറുപടിയെന്നും ഈ സമീപനം എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അശ്വതി പ്രതികരിച്ചു.
ഒരു പാർട്ടിയുടേയും അനുഭാവി അല്ല. മാനനഷ്ടമല്ല ഈ കേസിൽ വേണ്ടത്. അനുമതി ഇല്ലാതെ ഫോട്ടോകൾ ഉപയോഗിക്കുന്ന രീതി മാറണം എന്ന ഉദ്ദേശ്യമേ തനിക്കുള്ളൂ. പ്രതിഷേധമറിയിച്ചിട്ടും പാർട്ടിയിൽനിന്ന് ആരും തന്നെ വിളിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അശ്വതി ആരോപിക്കുന്നു.
Comments