മലപ്പുറം: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ ഭൗതികദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷൈജലിന്റെ (41) ഭൗതികദേഹം രാവിലെ പത്ത് മണിയോടെ എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തുമെന്നാണ് വിവരം.
രാവിലെ 11.30-ഓടെ പൊതുദർശനം ആരംഭിക്കും. തിരൂരങ്ങാടി യത്തീംഖാനയിലും തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖബറടക്കം നടക്കുക.
അതേസമയം വാഹനാപകടത്തിൽ പരിക്കേറ്റ സൈനികരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. സൈനിക ക്യാമ്പിലേക്ക് പോയ വാഹനം 60 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീഴുകയായിരുന്നു.
26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ മലയാളിയായ മുഹമ്മദ് ഷൈജൽ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിലെ ഷിയോക് നദിയിലേക്കാണ് സൈനിക വാഹനം മറിഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments