ന്യൂഡൽഹി: ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ പ്രമുഖ സ്റ്റാൻഡ്അപ്പ് കോമഡിതാരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ പതാകയെ അപമാനിച്ച് ട്വിറ്ററിൽ ചിത്രം പ്രചരിപ്പിച്ചതിനാണ് കുനാൽ കമ്രയ്ക്കെതിരെ പോലീസ് കേസെടുത്തത്.
2020 നവംബറിൽ കമ്ര സുപ്രീം കോടതിയുടെ മോർഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്യുകയും ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാക ഉപയോഗിച്ച് ഇന്ത്യൻ ത്രിവർണ്ണ പതാകയ്ക്ക് പകരം മോർഫ് ചെയ്ത് ചേർക്കുകയും ചെയ്തിരുന്നു.
കമ്രയുടെ ഈ പ്രവൃത്തി രാജ്യത്തെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇന്ത്യൻ ദേശീയ പതാകയെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് അഭിഭാഷകൻ സൗരഭ് തിവാരി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയിൽ ഉയർത്തിയ ത്രിവർണ്ണ പതാകയ്ക്ക് പകരം ഭാരതീയ ജനതാ പാർട്ടിയുടെ പതാക മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് വാരണാസി കോടതി മെയ് 27 ന് കേസെടുത്തിരുന്നു. ഇതിനെതിരെ കമ്ര സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു.
ആഴ്ചകൾക്ക് മുൻപ് പ്രധാനമന്ത്രിയ്ക്ക് ദേശഭക്തിഗാനം പാടി കൊടുക്കുന്ന ആൺകുട്ടിയുടെ വീഡിയോയിൽ മാറ്റം വരുത്തി അപമാനിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. കമ്രയുടെ ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
Comments