കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിയ്ക്ക് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ആണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. യുവനടിയുടെ പരാതിയിലെ ആരോപണങ്ങൾ വിജയ് ബാബു കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിൽ നിഷേധിച്ചു. നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത.
അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ ഒരു മാദ്ധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.
തുടർച്ചയായ മൂന്നാം ദിവസമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു, ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തി, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ഹാജരായത്.
Comments