ന്യൂഡൽഹി : ട്രെയിൻ യാത്രകളിൽ ലഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി റെയിൽവേ മന്ത്രാലയം. വാർത്തകൾ തെറ്റാണെന്നും ലഗേജ് നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
ട്രെയിനിൽ കൊണ്ടുപോകുന്ന ലഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പത്തു വർഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് കൊണ്ടുപോകാൻ യാത്രക്കാർ പണം നൽകണമെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. ബുക്ക് ചെയ്യാതെ അധിക ലഗേജുമായി യത്ര ചെയ്താൽ പിഴ ഈടാക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു.
യാത്ര ചെയ്യുന്ന ക്ലാസുകൾക്ക് അനുസരിച്ച് 25 മുതൽ 70 കിലോ വരെ ഭാരമുള്ള ലഗേജുകൾ മാത്രമേ യാത്രക്കാർക്ക് സൗജന്യമായി ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കൂ എന്ന വാർത്തയാണ് പ്രചരിച്ചിരുന്നത്. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ വരെയും എസി ടു ടയറിൽ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
യാത്രകൾക്ക് മുൻപ് അധിക ലഗേജ് ഉണ്ടെങ്കിൽ ബുക്ക് ചെയ്യണം. എസി ത്രീ ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ് എന്നിവയിൽ 40 കിലോയാണ് പരിധി. സെക്കൻഡ് ക്ലാസിൽ 25 കിലോ ലഗേജും കൈയിൽ കരുതാമെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
Comments