ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വർണ്ണക്കടത്ത് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി. കേസിൽ സത്യം പുറത്ത് വരണമെന്നും അതിന് പുനരന്വേഷണം ആവശ്യമാണെന്നും ബിജെപി വക്താവ് ടോം വടക്കൻ പറഞ്ഞു.
‘കേസിലെ പുതിയ വെളിപ്പെടുത്തലുകളും അന്വേഷണത്തിന്റെ ഫലമാണ്. പുതിയ തെളിവുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ പുനരന്വേഷണം ആവശ്യമാണ്. സത്യം ആർക്കും മറച്ചു വെക്കാൻ കഴിയില്ല. മറച്ചു വെക്കാൻ ശ്രമിക്കുന്നവർ തങ്ങൾ കുറ്റവാളികളാണെന്ന് വ്യംഗ്യമായി സമ്മതിക്കുകയാണ്.‘ ടോം വടക്കൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും എതിരെ വിരൽ ചൂണ്ടുന്നതാണ് സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ.
Comments