ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉയർത്തിയ ഗുരുതര ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിഷയത്തിൽ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈയൊഴിയുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ഇത് സിപിഎമ്മിന്റെ ഭീരുത്വമാണെന്നും അദ്ദേഹം വിമർശിച്ചു.രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേസുകളിൽ ഇടനിലക്കാരുണ്ടായിരുന്നത് യു.പി.എ ഭരണകാലത്താണെന്ന് വി.ഡി സതീശൻ മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments