തിരുവനന്തപുരം: ചിറയൻകീഴിൽ ഇരുചക്രവാഹനത്തിന് പിന്നിൽ കാർ ഇടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്. ശിവകൃഷ്ണപുരം സ്വദേശി ദിലീപ് (60) മകൾ ദേവി ദിലീപ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.
പുളിമൂട് ജംഗ്ഷനിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചിറയൻ കീഴിൽ നിന്നും ശിവകൃഷ്ണപുരത്തേക്ക് പോകുകയായിരുന്നു ഇരുവരും. പുളിമൂട് ജംഗ്ഷനിലെ ഹമ്പിന്റെ ഭാഗം എത്തിയപ്പോൾ ഇരുചക്ര വാഹനം വേഗം കുറച്ചു. ഇതോടെ പുറകിൽ അമിത വേഗതയിൽ വരികയായിരുന്ന കാർ ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ നാട്ടുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും കാലുകൾക്ക് മുകളിലൂടെയാണ് വാഹനം കയറി ഇറങ്ങിയത്. ദിലീപിന്റെ കാലിലെ പരിക്ക് ഗുരുതരമാണ്. തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
സംഭവ ശേഷം ഇടിച്ചിട്ട് കാർ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചതായി തെളിഞ്ഞത്. ഇയാൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Comments