തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് വസ്ത്രത്തിനും മാസ്കിനും വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്യൂണിസ്റ്റ് ചിന്തകൻ കാറൽ മാർക്സിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താനിപ്പോൾ ഫുൾ കറുപ്പിലാണെന്നും ജോയ് മാത്യു പറയുന്നു. കറുപ്പു വസ്ത്രം ധരിച്ച് ഷെർലക് ഹോംസ് എന്ന പുസ്തകവും കയ്യിലേന്തിയുള്ള ചിത്രവും പരിഹാസത്തോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന
മദമാണ് ഇപ്പോൾ കറുപ്പ് . അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .അത് ധരിക്കാനോ തരിമ്പും പേടിയുമില്ല . കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് .പോലീസുകാരെക്കൊണ്ട് ‘ക്ഷ’വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്. – ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ബിരിയാണി ചെമ്പിൽ മുഖ്യമന്ത്രി ലോഹം കടത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടിയുൾപ്പെടെ കാട്ടി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കേർപ്പെടുത്തിയത്.
Comments