ആലപ്പുഴ: പട്രോളിംഗിനിടെ നൂറനാട് എസ്.ഐക്ക് വെട്ടേറ്റു. നൂറനാട് പോലീസ് സ്റ്റേഷൻ എസ്ഐ വി ആർ അരുൺ കുമാറിനാണ് വെട്ടേറ്റത്. നൂറനാട് സ്വദേശി സുഗതനാണ് എസ്.ഐയെ വടിവാളിന് വെട്ടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ടായിരുന്നു സംഭവം. പ്രദേശത്ത് പട്രോളിംഗിനിടെയാണ് എസ്.ഐയ്ക്കെതിരെ ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ സുഗതൻ എസ്.ഐയെ വടിവാള് കൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരനെ ഉപദ്രവിച്ചുവെന്ന പേരിൽ പ്രതിയായ സുഗതനെതിരെ ഇന്ന് ഉച്ചയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സുഗതനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. അതിനിടെ സുഗതൻ എസ്.ഐയോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണം നടത്തുന്ന സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
Comments