കണ്ണൂർ : കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് വൻ പോലീസ് അകമ്പടിയോടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പുറപ്പെട്ടത്. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
പ്രതിഷേധക്കാരെ നേരിടാൻ സിപിഎം പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവർത്തകർക്കും സിപിഎമ്മുകാരുടെ മർദ്ദനം ഏറ്റതായി പരാതി ഉയർന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്. തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ച് എത്തിയിട്ടുണ്ട്.
പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ യാത്രാവഴിയും മാറ്റിയിരിക്കുകയാണ്. തളിപ്പറമ്പ് നഗരം ഒഴിവാക്കിയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളും ഒഴിവാക്കിയാണ് യാത്ര തുടരുന്നത്.
Comments